കോഴിക്കോട്: ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്താനും സംഘടനാശേഷി വളര്ത്തിയെടുക്കാനുമായ ഭാവിപരിപാടികള്‍ രൂപപ്പെടുത്താനുമുള്ള റിപ്പോര്‍ട്ടും ചര്‍ച്ചയുമാണ് സിപിഎം കോഴിക്കോട് വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിപുലീകൃത ജില്ലാകമ്മിറ്റി യോഗം നാളെ എകെജി ഓഡിറ്റോറിയത്തിലെ ടി.പി. ദാസന് നഗറില്‍ ആരംഭിക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. ജില്ലാ സെക്രട്ടറി രാഷ്ട്രീയസംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്ച്ചയുമാണ് വിപുലീകൃത യോഗത്തിന്റെ മുഖ്യ അജണ്ട.
പുതിയ സാഹചര്യത്തിലെ ബഹുജന പ്രശ്നങ്ങളേറ്റെടുക്കാനും രാഷ്ട്രീയ കടമകള്‍ നിര്‍വഹിക്കാനും പര്യാപ്തമായ രീതിയില്‍ ജില്ലയിലെ പാര്‍ട്ടി സംവിധാനത്തെ മാറ്റിയെടുക്കാനാവശ്യമായ സംഘടനാ നടപടികള്‍ക്ക് വിപുലീകൃതയോഗം രൂപം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കുമെതിരേ ശക്തമായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ജില്ലാ സെക്രട്ടറി എം.മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.